ന്യൂഡൽഹി: മാലിയിലെ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലാണ് ഒരു സംഘം ആയുധധാരികളെത്തി ആക്രമണം നടത്തിയത്.
ജൂലൈ ഒന്നിനാണ് സംഭവം. ആക്രമണത്തിനിടെ തോക്കുധാരികൾ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കിയതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ മോചനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.
“ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റിപ്പബ്ലിക് ഓഫ് മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു,” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കാനും പുതിയ സംഭവ വികാസങ്ങൾ അറിയാനും സഹായത്തിനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടാനും സർക്കാർ നിർദേശിച്ചു.















