ന്യൂഡൽഹി: ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാൻ തങ്ങളുടെ അംഗീകാരം വേണമെന്ന ചൈനയുടെ വാദങ്ങൾ ശക്തമായി എതിർത്ത് ഇന്ത്യ. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്‌ക്കല്ലാതെ മറ്റാർക്കും തന്റെ പിൻഗാമിയെ തീരുമാനിക്കാൻ അധികാരമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
“ദലൈലാമയുടെ നിലപാട് ടിബറ്റുകാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ അനുയായികൾക്കും വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്,”കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ജനതാദൾ (യുണൈറ്റഡ്) നേതാവ് ലല്ലൻ സിങ്ങിനൊപ്പം ധർമ്മശാലയിൽ ദലൈലാമയുടെ 90-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടികളിൽ പങ്കെടുക്കവെയായിരുന്നു പരാമർശം. നൂറ്റാണ്ടുകൾ പഴക്കമുള്ള ദലൈലാമ എന്ന ആത്മീയ പദവി തന്റെ കാലശേഷവും തുടരുമെന്നും 15-ാമത് ദലൈലാമയെ തിരഞ്ഞെടുക്കുന്ന ചുമതല പൂർണമായും ദലൈലാമയുടെ ഔദ്യോഗിക ഓഫീസായ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിനായിരിക്കുമെന്നും നാടുകടത്തപ്പെട്ട ടിബറ്റൻ ആത്മീയ നേതാവ് ആവർത്തിച്ച് ഉറപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
എന്നാൽ തിരഞ്ഞെടുപ്പ് ചൈനയുടെ അതിർത്തിക്കുള്ളിൽ അതിന്റെ മേൽനോട്ടത്തിൽ നടക്കണമെന്ന ദീർഘകാല നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. ചൈനീസ് ഭരണത്തിനെതിരായ പരാജയപ്പെട്ട പ്രക്ഷോഭത്തെത്തുടർന്ന് ലാസയിൽ നിന്ന് പലായനം ചെയ്തതിന് ശേഷം 1959 മുതൽ ദലൈലാമ ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുകയാണ്.
ടിബറ്റിനെ ചൈനയിൽ നിന്ന് വിഭജിക്കാൻ ശ്രമിക്കുന്ന വിഘടനവാദിയായി ബീജിംഗ് അദ്ദേഹത്തെ മുദ്രകുത്തുന്നത് തുടരുമ്പോൾ, അഹിംസയുടെയും അനുകമ്പയുടെയും ടിബറ്റൻ ജനതയുടെ സാംസ്കാരികവും മതപരവുമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെയും പ്രതീകമായാണ് ദലൈലാമയെ ലോകം മുഴുവൻ കണക്കാക്കുന്നത്.
1950-ൽ അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയ ടിബറ്റിന്മേലുള്ള ബീജിംഗിന്റെ നിയന്ത്രണം ശക്തിപ്പെടുത്താൻ ചൈന ഭാവിയിൽ സ്വന്തം ദലൈലാമയെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചേക്കുമെന്ന് പ്രവാസികളായ നിരവധി ടിബറ്റുകാർ ഭയപ്പെടുന്നുണ്ട്.















