തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനമായ F-35B ലൈറ്റ്നിംഗ് ജെറ്റിന്റെ തകരാർ പരിഹരിക്കാനാകില്ലെന്ന് റിപ്പോർട്ട്. വിശദമായി പരിശോധിക്കുന്നതിനായി 40 അംഗസംഘം നാളെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. വിമാനം പൊളിച്ചുമാറ്റുകയോ ഓരോ ഭാഗങ്ങളായി അടർത്തി കൊണ്ടുപോവുകയോ ചെയ്യേണ്ടിവരുമെന്നാണ് വിവരം.
സി-17 ഗ്ലോബ്മാസ്റ്റർ പോലെയുള്ള പ്രത്യേക ഗതാഗത വിമാനത്തിലാണ് പൊളിച്ചുമാറ്റിയ വിമാനഭാഗങ്ങൾ കൊണ്ടുപോവുന്നത്. ജൂലൈ രണ്ടിന് അറ്റകുറ്റപ്പണിക്കായി യുകെയിൽ നിന്നുള്ള സംഘം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പിന്നീട് ചില കാരണങ്ങളാൽ മാറ്റിവയ്‌ക്കുകയായിരുന്നു. വിമാനത്തെ നിരീക്ഷിക്കാൻ ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജൂൺ14-നാണ് ബ്രിട്ടൻ വ്യോമസേനയുടെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. മോശം കാലാവസ്ഥയെ തുടർന്നും ചെറിയ തകരാർ കണ്ടെത്തിയതിനെ തുടർന്നുമായിരുന്നു അടിയന്തര ലാൻഡിംഗ്. പൈലറ്റിനെ അടുത്ത ദിവസം തന്നെ ഹെലികോപ്റ്ററിൽ വിമാനവാഹിനിക്കപ്പലിലേക്ക് കൊണ്ടുപോയി.
ഇന്ധനം കുറവായതിനാലാണ് ലാൻഡ് ചെയ്തതെന്നും എന്നാൽ അടിയന്തര ലാൻഡിംഗിനിടെ വിമാനത്തിന് തകറുണ്ടായെന്നുമാണ് റിപ്പോർട്ട്. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച യുദ്ധവിമാനം ലോകത്തിലെ ഏറ്റവും ശക്തമായ എഞ്ചിനുകളുള്ള ഒന്നാണ്.















