റാഞ്ചി: ഝാർഖണ്ഡിൽ അനധികൃത ഖനനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഖനനം നിർത്തിവച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. രാംഗഢ് ജില്ലയിലാണ് സംഭവം.
നാല് പേരും സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിലാണ് സംഭവം നടന്നത്.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറാണ്ടി രംഗത്തെത്തി. സർക്കാരിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെ സർക്കാർ കണ്ണടയ്‌ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.















