റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഏകീകൃത ആഗോള നടപടിക്ക് അദ്ദേഹം ആഹ്വനം ചെയ്തു.
“മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമായിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
‘സമാധാനവും സുരക്ഷയും ആഗോള ഭരണ പരിഷ്കരണവും’ എന്ന വിഷയത്തിലാണ് ഉച്ചകോടി നടന്നത്. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. വ്യക്തിപരമായോ രാഷ്‌ട്രീയമായോ ഉള്ള നേട്ടങ്ങൾക്കുവേണ്ടി, ഭീകരതയെ നിശബ്ദമായി അംഗീകരിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്നത് അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“ഇരട്ട മാനദണ്ഡങ്ങൾക്ക് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരതയ്‌ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകിയാൽ, അതിനുള്ള വില നൽകേണ്ടിവരും. ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഒരേ സ്കെയിലിൽ തൂക്കിനോക്കാൻ നമുക്ക് കഴിയില്ല,” മോദി പറഞ്ഞു.
തുടർന്ന് പഹൽഗാം ആക്രമണത്തെ ശക്തമായ വാക്കുകളിൽ” അപലപിച്ചുകൊണ്ട് ബ്രിക്സ് രാജ്യങ്ങൾ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. എല്ലാ ഭീകരപ്രവർത്തനങ്ങളെയും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രസ്താവന പ്രഖ്യാപിക്കുകയും എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരെയും പോരാടുന്നതിനുള്ള കൂട്ടായ്മയുടെ ഏകീകൃത പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.