പട്ന: വ്യവസായി ഗോപാൽ ഖോകയുടെ കൊലപാതകക്കേസിലെ പ്രധാന പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. പട്നയിലെ മാൽ സലാമി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു.
വ്യവസായിയെ കൊലപ്പെടുത്താൻ ആയുധം നൽകിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്.
ഗോപാലിനെ കൊലപ്പെടുത്തിയ രാജയുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്ന് പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ പൊലീസ് കണ്ടെടുത്തു. വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12-ലധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ നാലിനാണ് കാറിൽ ഉറങ്ങുകയായിരുന്ന ഗോപാൽ ഖോകയെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. എന്നാൽ ഇതൊരു രാഷ്‌ട്രീയ കൊലപാതകമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം നടന്നുവരുന്നുണ്ട്.