മുംബൈ: കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവ് ബാബാ സിദ്ദിഖിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ വിവേക് സബർവാളാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യുന്നതിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.
പുതിയ സിം കാർഡ് വാങ്ങി സിദ്ദിഖിയുടെ പഴയ നമ്പറുമായി പോർട്ട് ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. സൈബർ തട്ടിപ്പ് നടത്താനാണ് നമ്പർ ഉപയോഗിച്ചതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസുകളിൽ ഒന്നിൽ ജാമ്യത്തിലിറങ്ങിയായിരുന്നു യുവാവിന്റെ പുതിയ നീക്കം.
ബാബാ സിദ്ദിഖിയുടെ മരണശേഷവും അദ്ദേഹത്തിന്റെ മൊബൈൽനമ്പർ കുടുംബം സൂക്ഷിച്ചിരുന്നു. കൂടാതെ ബിസിനസ് നടത്തുന്ന സിദ്ദിഖിയുടെ കുടുബാംഗങ്ങളും ഈ നമ്പറാണ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ ഇവർക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ബാബാ സിദ്ദിഖിയുടെ നമ്പർ ഉപയോഗിച്ച് നിരവധി പേരെ യുവാവ് കബളിപ്പിക്കാനും പണം തട്ടാനും ശ്രമിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വ്യാജരേഖകൾ ചമച്ച് നമ്പർ വീണ്ടും സജീവമാക്കാൻ പ്രതി ശ്രമിച്ചു. ഇതിനായി ടെലികോം കമ്പനിക്ക് ഈമെയിലും അയച്ചിരുന്നു. തുടർന്നാണ് നമ്പർ പോർട്ട് ചെയ്ത വിവരം അറിഞ്ഞത്. ബാബാ സിദ്ദിഖിയുടെ ഫോണിലേക്ക് വന്ന ഈമെയിൽ സന്ദേശമാണ് യുവാവിനെ കുടുക്കിയത്. ബാബാ സിദ്ദിഖിയുടെ ഭാര്യ ഷാസിയ സിദ്ദിഖി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.