റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പേസർ യാഷ് ദയാലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യുപിയിലെ ഗാസിയബാദ് സ്വദേശിനിയാണ് പരാതിക്കാരി. അഞ്ചുവർഷമായി താരവുമായി ഡേറ്റിംഗിലായിരുന്ന യുവതിയെ മാനസികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്തെന്നാമ് പരാതി.
ഭാരതീയ ന്യായ സംഹിത വകുപ്പ് 69 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. (വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടോ, അത് നിറവേറ്റാനുള്ള ഉദ്ദേശ്യമില്ലാതെ, അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരാളും, ബലാത്സംഗ കുറ്റത്തിന് തുല്യമല്ലാത്ത അത്തരം ലൈംഗിക ബന്ധത്തിന് പത്ത് വർഷം വരെ തടവും പിഴയും ലഭിക്കും). കുറ്റം തെളിഞ്ഞാൽ ദയാലും ശിക്ഷ അനുഭവിക്കേണ്ടിവരും.
എഫ്.ഐ.ആർ പ്രകാരം ദയാലും യുവതിയും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. ഈ സമയം ദയാലിന്റെ കുടുംബവുമായും യുവതി ഇടപഴകിയിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ ദയാൽ സാമ്പത്തികമായും ശാരീരികമായും മാനസികമായും ഇവരെ ചൂഷണം ചെയ്തിരുന്നു. ഇവരുടെ പ്രണയത്തിന്റെ നാളുകളിൽ തന്നെ ക്രിക്കറ്റ് താരത്തിന് മറ്റു മൂന്നു യുവതികളുമായും ബന്ധമുള്ളതായി കാമുകി കണ്ടെത്തി. തുടർന്നാണ് പരാതിയുമായി രംഗത്തുവന്നത്.