തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ . വഴുതയ്‌ക്കാട് കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പാറശ്ശാല മുൻ എംഎൽഎയും സിപിഎം മുൻ ജില്ല സെക്രട്ടറിയുമായിരുന്ന എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.
സംഭവത്തിനു പിന്നാലെ രണ്ട് തൊഴിലാളികളെ കാണാതായിരുന്നു. ഇവരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. രാജേഷ് -നേപ്പാൾ സ്വദേശി ഡേവിഡ് എന്നിവരാണ് പിടിയിലായത്
ഇവരെ പിടികൂടാൻ പോയ പോലീസുകാർക്കു നേരേ ആക്രമണമുണ്ടായി.
എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിെക്കത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന് മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.