പത്തനംതിട്ട: സംസ്ഥാനവ്യാപകമായി പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ സമരാനുകൂലികളെ പേടിച്ച് ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറാണ് ഹെൽമറ്റ് വച്ച് ബസോടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയിലൂടെ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോയാണ് വൈറലാവുന്നത്.
സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും കടക്കമ്പോളങ്ങൾ അടപ്പിക്കുകയും ചെയ്തു. കൊല്ലത്ത് സർവീസ് നടത്തുകയായികുന്ന കെഎസ്ആർടിസി കണ്ടക്ടറെ സമരക്കാർ മർദ്ദിച്ചു. വിവിധയിടങ്ങളിൽ ബസുകൾക്ക് നേരെ കല്ലേറമുണ്ടായി. ഇതോടെയാണ് പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവറായ ഷിബു തോമസ് ഹെൽമറ്റ് വച്ചുകൊണ്ട് ബുദ്ധിപരമായി ബസോടിച്ചത്.
തിരുവനന്തപുരത്ത് നെടുമങ്ങാട്, കാട്ടാക്കട സ്റ്റാൻഡുകളിലെല്ലാം സമരക്കാർ ബസുകൾ തടഞ്ഞു. നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ നെയ്യാറ്റിൻകരയിൽ നിന്നും തമ്പാനൂർ എത്തിയ ഡ്രൈവർക്കും കണ്ടക്ടറെയും സ്റ്റാൻഡിൽ തടഞ്ഞുവച്ചു. ബാഗ് ഉൾപ്പെടെ വാങ്ങിവച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാർ പറഞ്ഞു.