അടിവയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ ഐസിസി അമ്പയർക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാൻ സ്വദേശിയായ ബിസ്മില്ലാഹ് ജാൻ ഷിൻവാരിയാണ് 41-ാം വയസിൽ അന്തരിച്ചത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ പാകിസ്ഥാനിലെ പെഷവാറിലാണ് നടന്നതെന്നതും അവിടെ വച്ചാണ് ഷിൻവാരി മരണപ്പെട്ടതെന്നും സഹോദരൻ സെയ്ദ ജാൻ അഫ്ഗാനിസ്ഥാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“അവന് അസുഖമുണ്ടായിരുന്നു. പെഷവാറിലേക്ക് പോയ അവൻ അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്തു. രണ്ടുദിവസം ആശുപത്രിയിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വൈകിട്ട് അഞ്ചോടെ അവൻ മരിച്ചു. രാത്രി തന്നെ അവന്റെ മൃതദേഹം ടോർഖാമിലൂടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു”. —–സെയ്ദ ജാൻ പറഞ്ഞു. അഫ്ഗാൻ ക്രിക്കറ്റ് ബോർഡും അമ്പയർക്ക് ആദാരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. ബിസ്മില്ലാഹ് ജാൻ ഷിൻവാരിക്ക് അഞ്ച് ആൺമക്കളും ഏഴ് പെൺമക്കളുമുണ്ട്.
34 ഏകദിനങ്ങളും 26 ടി20കളും നിയന്ത്രിച്ച ഷിൻവാരി 51 ലിസ്റ്റ് എ മത്സരങ്ങളും 96 ആഭ്യന്തര ടി20 മത്സരങ്ങളിലും അമ്പയറായി. 2017-ൽ ഷാർജയിൽ നടന്ന അഫ്ഗാൻ-അയർലൻഡ് മത്സരത്തിലാണ് അന്താരാഷ്‌ട്ര അമ്പയറായി അരങ്ങേറുന്നത്.