കണ്ണൂർ: എസ്.എഫ്.ഐ പഠിപ്പുമുടക്കിനിടെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി വസന്തയ്‌ക്കാണ് പരിക്കേറ്റത്.
വസന്തയുടെ പരാതിയിലാണ് പൊലീസ് അക്ഷയക്കെതിരേ കേസെടുത്തത്. എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം പുറത്തുനിന്നും എത്തിയ അക്ഷയ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നു. ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞായിരുന്നു പ്രവർത്തകരുടെ അതിക്രമം. സമരമായതിനാൽ ക്ലാസുകളില്ലെന്നും ഭക്ഷണമുണ്ടാക്കരുതെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വസന്ത ഇവരെ എതിർക്കുകയും വേവിക്കാൻ അരിയെടുക്കുകയും ചെയ്തു. ഇത് അക്ഷയ മനോജ് ഉൾപ്പടെയുള്ള പ്രവർത്തകർ തട്ടിക്കളയുകയും വസന്തയെ കൈകാര്യം ചെയ്യുകയുമായിരുന്നു.