കണ്ണൂർ: രണ്ടാമത് വിവാഹം കഴിക്കാൻ തയാറെടുത്ത യുവതിയെ കുത്തികൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം. ദുരഭിമാനക്കൊലയാണിതെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കോടതി വ്യക്തമാക്കി. 1.2 ലക്ഷം രൂപ പിഴയും തലശേരി അഡീഷണൽ ജില്ലാ കോടതി വിധിച്ചു.
ഉളിയിൽ സ്വദേശി ഖദീജയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരന്മാരായ ഫിറോസ്, ഇസ്മയിൽ എന്നിവരെയാണ് കോടതി ജിവപര്യന്തം ശിക്ഷിച്ചത്. ആറ് പേരാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ നാലുപേർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതോടെ കോടതി വെറുതെവിടുകയായിരുന്നു.
2012 ഡിസംബർ 12-ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. യുവതി രണ്ടാമത് വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടിട്ടും പിന്മാറാത്തതിനാലായിരുന്നു കൊലപാതകം. ഖദീജയെ കൊലപ്പെടുത്തുകയും ആൺസുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.















