ന്യൂഡൽഹി: കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയ പാക് നടിയുടെ മൃതദേഹത്തിന് ഒൻപത് മാസത്തെ പഴക്കം. 2024 ഒക്ടോബറിൽ നടി മരിച്ചതായി അറബ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹുമൈറ അസ്ഗർ അലിയുടെ അഴുകിയ മൃതദേഹം ഡിഫൻസ് കോളനിയിലെ വാടക ഫ്ലാറ്റിൽ കണ്ടെത്തിയത്.
വാടക നൽകാത്തതിനെ തുടർന്ന് കോടതിയുടെ ഉത്തരവ് പ്രകാരം അപ്പാർട്ട്മെന്റ് ഒഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
2024 ഒക്ടോബറിലാണ് നടിയുടെ ഫോണിൽ നിന്നും അവസാന കോൾ പോയതെന്ന് ഡിഐജി സയ്യിദ് അസദ് റാസ പറഞ്ഞു. സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് നടിയെ അയൽക്കാർ അവസാനമായി കണ്ടത്. ബില്ല് അടക്കാത്തതിനാൽ 2024 ഒക്ടോബറിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിരുന്നു. അപ്പാർട്ട്മെന്റിൽ വെറെ വൈദ്യുതി സ്രോതസ്സുകളോ മെഴുകുതിരികളോ ഉണ്ടായിരുന്നില്ല, ഡിഐജി വെളിപ്പെടുത്തി.
അടുക്കളയിൽ ഉണ്ടായിരുന്നു ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തിലധികം പഴക്കമുണ്ട്. അവിടെയുണ്ടായിരുന്ന പാത്രങ്ങൾ പലതും തുരമ്പെടുത്തിരുന്നു. തൊട്ടടുത്ത ഫ്ലാറ്റുകളിൽ കഴിഞ്ഞ വർഷം താമസക്കാരില്ല. അതിനാൽ ദുർഗന്ധം അനുഭവപ്പെട്ടില്ല. ഈ വർഷം മാർച്ചോടെയാണ് അവർ തിരിച്ചെത്തിയത്. അപ്പോഴേക്കും ദുർഗന്ധം കുറഞ്ഞിരുന്നു. മൃതദേഹം പൂർണ്ണമായും അഴുകി അസ്ഥികൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് വർഷമായി കുടുംബത്തിൽ നിന്നും അകന്നാണ് നടി കഴിഞ്ഞിരുന്നത്. അതിനാൽ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചു.