ടെസ്റ്റിൽ ഇന്ത്യക്കെതിരെയുള്ള ആധിപത്യം ജോ റൂട്ട് തുടർന്നപ്പോൾ പിറന്നത് ഇംഗ്ലീഷുകാരന്റെ കരിയറിലെ 37-ാം സെഞ്ച്വറി. ലോർഡ്സിൽ രണ്ടാം ദിനം ബൗണ്ടറി നേടിയാണ് റൂട്ട് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെയുള്ള റൂട്ടിന്റെ 11-ാം സെഞ്ച്വറിയാണ് ലോർഡ്സിൽ പിറന്നത്. 60-ാം ഇന്നിംഗ്സിലാണ് നേട്ടം സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കാരൻ സ്റ്റീവൻ സ്മിത്തിനൊപ്പമാണ് ഇംഗ്ലണ്ട് താരം ഈ റെക്കോർഡ് പങ്കിട്ടത്.
ക്രിക്കറ്റ് മെക്കയിലെ വലം കൈയൻ ബാറ്ററുടെ എട്ടാം ശതകത്തിനാണ് ആരാധകർ സാക്ഷിയായത്. ലോർഡ്സിൽ ഏറ്റവും അധികം സെഞ്ച്വറി നേടിയ താരവും റൂട്ട് തന്നെ. അങ്ങനെ ഒരുപിടി റെക്കോർഡുകളാണ് ജോ സ്വന്തമാക്കിയത്. ടെസ്റ്റിൽ 37-ാം സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം താരമാകാനും റൂട്ടിന് സാധിച്ചു.
ഈ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് 51 സെഞ്ച്വറി തികച്ച സച്ചിൻ രമേഷ് ടെൻഡുൽക്കറാണ്. തൊട്ടുപിന്നാലെ ജാക്ക് കാലിസ്(45), റിക്കി പോണ്ടിംഗ് (41), കുമാർ സംഗക്കാര(37) എന്നിവരാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റൺവേട്ടയ്‌ക്ക് അരികിലെത്തിയ താരം ആ റെക്കോർഡ് മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സച്ചിൻ 329 ഇന്നിംഗ്സിൽ നിന്ന് 15,921 റൺസ് നേടിയപ്പോൾ 284 ഇന്നിംഗ്സിൽ നിന്ന് 13,218 റൺസാണ് റൂട്ടിന്റെ സമ്പാദ്യം.