പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് സ്വദേശികളായ മാർട്ടിൻ- എൽസി ദമ്പതിമാരുടെ മക്കളായ എംലീന മരിയ, ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇരുവരും. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ എൽസി, മക്കളായ അലീന, ആൽഫ്രഡ്, എംലീന, എൽസിയുടെ അമ്മ ഡെയ്സി എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡെയ്സിക്ക് പൊള്ളലേറ്റത്.
കാറിൽ കുടുങ്ങിയ കുട്ടികളെ എൽസി തന്നെയാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.