കൊല്ലം: മകളുടെ മരണത്തിനിടയായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്ന് ഭർത്താവിന്റെ മാനസികപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ അമ്മ ഷൈലജ. നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ്, മുഖ്യമന്ത്രി, പൊലീസ് മേധാവി തുടങ്ങിയവർക്ക് അപേക്ഷ സമർപ്പിച്ചു.
സമൂഹമാദ്ധ്യമത്തിൽ എഴുതിയത് വായിച്ചപ്പോഴാണ് മകൾ അനുഭവിച്ച പീഡനത്തെ കുറിച്ച് അറിയുന്നതെന്ന് ഷൈലജ പറഞ്ഞു. ഇത്രയധികം വിഷമം അനുഭവിച്ചിട്ടും അമ്മയെയോ ബന്ധുക്കളെയോ വിപഞ്ചിക വിവരം അറിയിച്ചിരുന്നില്ല. വിപഞ്ചികയ്‌ക്ക് ഭർത്താവിനോട് വലിയ സ്നേഹമായിരുന്നു. മകൾക്ക് അച്ഛനും അമ്മയും വേണമെന്നാണ് വിപഞ്ചിക എല്ലാവരോടും പറഞ്ഞിരുന്നത്. കുഞ്ഞിനോടും നിധീഷിന് അവഗണനയായിരുന്നു. പണം മോഹിച്ചാണ് വിവാഹം കഴിച്ചതെന്ന് വിപഞ്ചിക പറയുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് വിപഞ്ചികയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും വീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് വിപഞ്ചിക ആത്മഹത്യാകുറപ്പിൽ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഭർത്താവ് നിധീഷിനും വീട്ടുകാർക്കുമെതിരെ വിപഞ്ചിക ഉന്നയിച്ചത്.