അമരാവതി: ഭാഷ വിവാദങ്ങൾക്കിടെ ഹിന്ദി ഭാഷയുടെ മഹത്വത്തെ കുറിച്ച് വിശദീകരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഹിന്ദിഭാഷ സംസാരിക്കാൻ എന്തിനാണ് മടിക്കുന്നതെന്നും നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും പവൻ കല്യാൺ പറഞ്ഞു. ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണ് ഹിന്ദിഭാഷ. ഭാരതീയർക്ക് ഹിന്ദി ഭാഷ ഉപയോഗിക്കാനും സംസാരിക്കാനും മടിയും നാണക്കേട് തോന്നുന്നത് എന്തിനാണ്. യുവാക്കൾ ജോലിക്കോ പഠനത്തിനോ വേണ്ടി വിദേശരാജ്യങ്ങളിലെ ഭാഷകൾ പഠിക്കുന്നു. അങ്ങനെയുള്ളവർക്ക് ഹിന്ദി ഭാഷ സ്വീകരിക്കാൻ നാണക്കേട് എന്തിനാണ്. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൽ കലാം തമിഴ്നാട്ടുക്കാരനാണ്. അദ്ദേഹത്തിന് ഹിന്ദി ഭാഷ സംസാരിക്കാൻ വലിയ ഇഷ്ടമായിരുന്നു. ഭാഷകൾ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന മാർഗങ്ങളാണ്.
ഹിന്ദിഭാഷ ആരും അടിച്ചേൽപ്പിക്കുന്നില്ല. ആശയവിനിമയത്തിനുള്ള ഉപകരണമാണിത്. രാജ്യത്തുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ജോലിക്കായി ജർമനിയിലേക്ക് പോകുമ്പോൾ നമ്മൾ ജർമൻ ഭാഷ പഠിക്കുന്നു. ജപ്പാനിലേക്ക് പോകുമ്പോൾ ജാപ്പനീസ് നമ്മൾ പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് നാം ഹിന്ദി ഭാഷ സംസാരിക്കാൻ മടിക്കുന്നത്.
ഹിന്ദി നമ്മെ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ചിലർ പറയുന്നത്. അത് എങ്ങനെ ശരിയാകും. നമ്മൾ ഇംഗ്ലീഷ് ഭാഷ സ്വീകരിക്കുകയും പഠിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഹിന്ദി പഠിക്കാനാകുന്നില്ല. ഹിന്ദിയോടുള്ള വെറുപ്പ് ഉപേക്ഷിക്കണമെന്നും പവൻ കല്യാൺ പറഞ്ഞു.