ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 2020-ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിന് വേണ്ടി ഇരുനേതാക്കളും ചർച്ച നടത്തിയതായാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെയും ആശംസകൾ ചൈന പ്രസിഡന്റിനെ അറിയിച്ചതായും ജയശങ്കർ എക്സിൽ കുറിച്ചു. ഷങ്ഗായി കോർപ്പറേഷൻ ഓർഗനൈസേഷനിലെ അംഗങ്ങളും ജയശങ്കറിനൊപ്പമുണ്ടായിരുന്നു.
2020-ൽ ഗാൽവാൻ താഴ്വരയിലെ നിയന്ത്രണരേഖയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് ശേഷം ആദ്യമായാണ് എസ് ജയശങ്കർ ചൈന സന്ദർശിക്കുന്നത്. നേരത്തെ ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കസാനിൽ നടന്ന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈന പ്രസിഡന്റ് ജിൻപിങും കൂടിക്കാഴ്ച നടത്തി. തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിച്ചുതുടങ്ങിയത്. പിന്നാലെ ലഡാക്കിലെ രണ്ട് ഫാഷ് പോയിന്റുകളിൽ സൈന്യത്തെ വിന്യസിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിക്കുകയും ചെയ്തു.















