നോയിഡ: തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന്റെ പേരിൽ പീഡനം നേരിടേണ്ടിവരുന്നുവെന്ന പരാതിയിൽ ഹർജിക്കാരനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്തുകൊണ്ട് നായകളെ സ്വന്തം വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുന്നില്ലെന്ന് കോടതി ചോദിച്ചു.
“ഈ വലിയ മനസുള്ള ആളുകൾക്ക് വേണ്ടി എല്ലാ വഴികളും, എല്ലാ റോഡുകളും തുറന്നു കൊടുക്കണം. തെരുവുനായകൾ എല്ലായിടത്തുമുണ്ട്, മനുഷ്യർക്ക് ഇടമില്ല. നിങ്ങളുടെ സ്വന്തം വീട്ടിൽ എന്തുകൊണ്ട് അവയ്‌ക്ക് ഭക്ഷണം നൽകിക്കൂടാ? ആരും നിങ്ങളെ തടയുന്നില്ല” ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരന്റെ അഭിഭാഷകനോട് പറഞ്ഞു.
പരാതിക്കാരൻ പലരുടെയും വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും മൃഗ ജനന നിയന്ത്രണ നിയമങ്ങൾക്കനുസൃതമായി തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ഇതിനുള്ള കോടതിയുടെ മറുപടിയാണ് ശ്രദ്ധേയം. “നിങ്ങളുടെ വീട്ടിൽ ഒരു ഷെൽട്ടർ തുറക്കാൻ ഞങ്ങൾ നിങ്ങൾക്ക് നിർദ്ദേശം നൽകുന്നു. തെരുവിലെ എല്ലാ നായകൾക്കും നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ ഭക്ഷണം കൊടുക്കുക” സുപ്രീം കോടതി പറഞ്ഞു.
നായകൾക്കായി റോഡരുകുകളിൽ പ്രത്യേകം ഫീഡിങ് പോയിന്റുകൾ സ്ഥാപിക്കണമെന്നും നോയിഡയിൽ അതില്ലെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ രാവിലെ റോഡിലൂടെ സൈക്കിൾ ചവിട്ടാൻ പോയിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. രാവിലെ നടക്കാൻ പോകുന്നവരും സൈക്കിൾ യാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമാണ് തെരുവുനായകളുടെ ആക്രമണത്തിന് കൂടുതലും ഇരയാകുന്നതെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു.
തെരുവ് നായ്‌ക്കൾ ആളുകളെ ആക്രമിച്ച് കൊല്ലുന്നതിനും കാൽനടയാത്രക്കാർക്ക് ഗുരുതരമായ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായ നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുള്ളതിനാൽ ഈ നിരീക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു.