ന്യൂഡൽഹി: മുംബൈയിൽ പ്രവർത്തനമാരംഭിച്ച ടെസ്ലയുടെ ആദ്യ ഷോറൂമിനെ ഇന്ത്യൻ വാഹനവിപണയിലേക്ക് സ്വാഗതം ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്ര. ലോകത്തിലെ ഏറ്റവും വലിയ ഇവി വാഹനങ്ങൾക്ക് ഇന്ത്യയിലും തുടക്കമായിരിക്കുകയാണെന്നും പുതിയ മാറ്റങ്ങളോടൊപ്പം മത്സരം മുന്നോട്ട് പോകാമെന്നും ആനന്ദ് മഹന്ദ്ര എക്സിൽ കുറിച്ചു. ടെസ്ല സിഇഒ ഇലോൺ മസ്ക്, ടെസ്ല എന്നീ എക്സ് അക്കൗണ്ടുകളെ പരാമർശിച്ചുകൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹന മേഖലയ്‌ക്കുള്ള പുത്തൻ ചുവടുവയ്പ്പെന്ന് ടെസ്ലയുടെ പുതിയ ഷോറൂമിനെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ മേക്കർ മാക്സിറ്റിയിലാണ് ടെസ്ലയുടെ ആദ്യ ഷോറൂം തുറന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ഗ്രാൻഡ് ഓപ്പണിംഗായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യൻ വാഹന പ്രേമികൾക്ക് ആവേശകരമായ വർത്തയാണ് ടെസ്ലയുടെ വരവ്.
വർഷങ്ങൾക്ക് മുമ്പ് ടെസ്ലയെയും മസ്കിനെയും ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് വീണ്ടും ശ്രദ്ധനേടി. 2030 ഓടെ ഇന്ത്യ പൂർണമായും ഇലക്ട്രിക കാറുകളിലേക്ക് മാറുമെന്ന് ആനന്ദ് മഹീന്ദ്ര പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
മോഡൽ വൈയുമായാണ് ടെസ്ല ഇന്ത്യയിലെത്തിയിരിക്കുന്നത്. രണ്ട് മോഡലുകളുമായി എത്തിയ വൈയുടെ റിയർ വീൽ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയാണ് വില. അടിസ്ഥാന മോഡലിന്റെ ഓൺറോഡിന്റെ വില 60.99 ലക്ഷവും ലോഗ് റേഞ്ച് മോഡലിന് 69 ലക്ഷവുമാണ്.















