പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ അമല ബസാർ. ഷോർട്ട്സും കറുത്ത ഫുൾസ്ലീവ് ഷർട്ടും ധരിച്ച് ഒരു സ്ത്രീ. പേനയും പേപ്പറും കയ്യിൽ പിടിച്ച് ബംഗാളിയിലും ഇംഗ്ലീഷിലും പരസ്പരവിരുദ്ധമായാണ് സംസാരം- ബംഗാളി നടി സുമി ഹർ ചൗധരിയാണ് മനോനില തെറ്റിയ നിലയിൽ മേൽവിവരിച്ച സാഹചര്യത്തിൽ കണ്ടെത്തിയത്.
ബർദ്വാൻ-അരംബാഗ് സംസ്ഥാന പാതയിലൂടെ അലഞ്ഞുനടക്കുന്ന സുമിയെ ആദ്യം പ്രദേശവാസികൾ തിരിച്ചറിഞ്ഞില്ല. ” മാനോനില തെറ്റിയ നിലയിലായിരുന്നു. സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു. ആദ്യം ഞങ്ങൾ വിശ്വസിച്ചില്ല. പിന്നീട് സോഷ്യൽ മീഡിയ പ്രൊഫൈൽ പരിശോധിച്ച് തിരിച്ചറിയുകയായിരുന്നു. പ്രദേശവാസി പറഞ്ഞു.
പ്രദേശവാസികളുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് സുമി നൽകിയത്. പുർബ ബർധമാനിലെ ഖന്ദഘോഷിൽ അവർ എങ്ങനെയാണ് എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. നടിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
നിരവധി ബംഗാളി പരമ്പരകളിലും സിനിമകളിലും സുമി അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ ബംഗാളി ചിത്രങ്ങളായ ദ്വിതിയോ പുരുഷ്, നസീറുദ്ദീൻ ഷാ അഭിനയിച്ച ഖാഷി കഥ: എ ആട് സാഗ എന്നിവയിലും രൂപസാഗോർ മോനേർ മാനുഷ്, തുമി ആഷേ പാഷേ തക്ലെ തുടങ്ങിയ ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.