ന്യൂഡൽഹി: രേണുകസ്വാമി കൊലപാതകക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്‌ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതി ന്യായീകരിക്കാവുന്നതെല്ലെന്ന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
33 വയസ്സുള്ള രേണുകസ്വാമിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ദർശന് ജാമ്യം അനുവദിച്ച 2024 ഡിസംബർ 13 ലെ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച പ്രത്യേക അവധി ഹർജിയുമായി ബന്ധപ്പെട്ടതാണ് വിഷയം.
നടിയും ദർശന്റെ കൂട്ടാളിയുമായ പവിത്ര ഗൗഡയുടെ ആരാധകനെന്ന് പറയപ്പെടുന്ന ഇര, അവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നത്. ചിത്രദുർഗയിൽ നിന്ന് രേണുകസ്വാമിയെ ദർശൻ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിലെ ഒരു ഷെഡിൽ മൂന്ന് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായി പോലീസ് പറയുന്നു. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ, മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ദർശൻ, പവിത്ര ഗൗഡ, അനു കുമാർ, ലക്ഷ്മൺ എം, വി വിനയ്, ജഗദീഷ്, പ്രദൂഷ് എസ് റാവു, നാഗരാജു ആർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.















