ചെന്നൈ: നിർമാണ കമ്പനിക്കെതിരെ പരാതിയുമായി നടൻ രവി മോഹൻ. സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറ് കോടി രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നിർമാണ കമ്പനിയായ ബോബി ടച്ച് ഗോൾഡ് യൂണിവേഴ്സൽ എന്ന കമ്പനിക്കെതിരെയാണ് രവി മോഹൻ ഹർജി നൽകിയത്. വിഷയത്തിൽ നിർമാണ കമ്പനിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
രണ്ട് സിനിമകളുടെ പ്രോജക്ടിന്റെ ഭാഗമായി ബോബി ടച്ച് ഗോൾഡ് യൂണിവേഴ്സൽ കമ്പനിയുമായി കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ കൃത്യസമയത്ത് ഷൂട്ടിംഗ് ആരംഭിച്ചിരുന്നില്ല. ഇതിനാൽ തനിക്കുണ്ടായ നഷ്ടത്തിനാണ് താരം ആറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 80 ദിവസത്തെ ഷൂട്ടിംഗാണ് പദ്ധതിയിട്ടിരുന്നത്. ഇക്കാരണത്താൽ മറ്റ് സിനിമകളിലെയും അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് രവി മോഹൻ പറയുന്നു. എന്നാൽ രവി മോഹൻ കരാർ ലംഘിച്ചുവെന്നാണ് നിർമാണ കമ്പനിയുടെ ആരോപണം.















