ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. ഭീകരതയ്‌ക്കെതിരെയുള്ള യുഎസിന്റെയും ഇന്ത്യയുടെയും പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുന്നതിലും ലോകരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ആവശ്യമാണ്. സമയോചിതവും പ്രധാനപ്പെട്ടതുമായ ഒരു പുതിയ ചുവടുവയ്പ്പാണിത്. ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ല. ഭീകരസംഘടനകളെയും അവരെ പിന്തുണയ്‌ക്കുന്നവർക്കെതിരെയുമുള്ള പ്രവർത്തനങ്ങൾ ഇന്ത്യ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലഷ്കർ ഭീകരരുടെ കീഴിൽ പ്രവർത്തിക്കുന്ന ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെയും ഇന്ത്യ അഭിനന്ദിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനിരയായ പാവപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആഹ്വാനമാണ് ഇത് പ്രകടമാക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനും അമേരിക്കയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നതായി മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി.















