കൊല്ലം: തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ സിപിഎമ്മിന്റെതല്ലെന്ന പാർട്ടി സെക്രട്ടറി എം. വി ഗോവിന്ദന്റെ വാദം പൊളിയുന്നു. സ്കൂൾ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്ന് പ്രദേശവാസിയും പ്രദേശിക ഇടതുനേതാവുമായ കെ. എസ് മിനി പറഞ്ഞു.
സ്കൂളിന്റെ മാനേജറും ബോർഡ് മെംബർമാരും സിപിഎമ്മുകാരാണെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടി. സ്കൂളിലെ പിടിഎ അംഗങ്ങൾ പോലും സിപിഎമ്മുകാരാണ്. മറ്റുളളവരെ ഇവർ പിടിഎയിൽ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
100 വർഷത്തിലധികം പഴക്കമുണ്ട് സ്കൂളിന്. സ്കൂൾ കെട്ടിടം തീർത്തും ശോചനീയ പഴകി ദ്രവിച്ച സ്ഥിതിയിലാണ്. മിഥുൻ ഷോക്കേറ്റ് മരിച്ച ലൈനിന് താഴെ സ്ഥിതി ചെയ്യുന്ന തകര ഷീറ്റിട്ട ഷെഡ് 15 വർഷം മുമ്പാണ് അനധികൃതമായി നിർമിച്ചത്. ക്ലാസ് മുറികളിൽ മിക്കതും പഠന യോഗ്യമല്ലാത്തവയാണ്.
ബെഞ്ചും ഡസ്കും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വർഷാവർഷം പുതിയ അദ്ധ്യാപകരെ സ്കൂളിൽ നിയമിക്കുന്നുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് കോഴ ഇനത്തിൽ മാനേജമെന്റ് കൈപ്പറ്റുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ പണത്തിൽ നിന്നും ഒരു രൂപ പോലും സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ചെലവഴിക്കാറില്ല. പുതിയ ഒരു കെട്ടിടം നിർമിച്ചത് തന്നെ പഴയത് കത്തി നശിച്ചത് കൊണ്ടാണെന്നും പ്രദേശവാസികൾ രോഷത്തോടെ പറയുന്നു.















