ലഖ്‌നൗ: കാമുകിയെ ഡ്രിംഗ്‌സിൽ വിഷം കലർത്തി നൽകി കൊന്ന കാമുകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് സംഭവം. പ്രതിയായ ജഗദീഷ് റൈക്വാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഗദേശേഷും കാമുകി റാണിയും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലളിത്പൂരിലെ ഒരു നദിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രതി രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിൽ ഇയാൾക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പോലീസ് പറഞ്ഞു, ‘അവൾ മരിക്കാൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് അവളെ കൊലപ്പെടുത്തിയത്’ എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ഇരയായ റാണി ജഗദീഷുമായി പ്രണയത്തിലായിരുന്നു. ലളിത്പൂരിലെ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. റാണി ഭർത്താവായ നരേന്ദ്രനെ ഉപേക്ഷിച്ചാണ് ജഗദീഷിനൊപ്പം പോയത്. എന്നാൽ ജഗദീഷിന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചിരുന്നു. റാണിയും ഭാവി ഭാര്യയും ഒരുമിച്ച് ജീവിക്കണമെന്ന പ്രതിയുടെ ആഗ്രഹം കാമുകി നിരസിച്ചു.
മധ്യപ്രദേശിലെ അശോക് നഗറിൽ മറ്റൊരാളോടൊപ്പം മാറി താമസിക്കാൻ റാണി തീരുമാനിച്ചതാണ് ജഗദീഷിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം എങ്ങനെ നടത്താമെന്ന് ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞാണ് പ്രതി പദ്ധതി തയ്യാറാക്കിയത്. തുടർന്ന് ശീതളപാനീയത്തിൽ വിഷം കലർത്തിനൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നു.