ന്യൂഡൽഹി: റഷ്യൻ ഊർജ്ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യൻ എണ്ണ ശുദ്ധീകരണ ശാലയ്‌ക്ക് മേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഊർജ്ജ വ്യാപാരത്തിന്റെ കാര്യത്തിൽ “ഇരട്ടത്താപ്പ്” കാണിക്കരുതെന്നും ഏകപക്ഷീയമായ ഉപരോധ നടപടികൾ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘” യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഏകപക്ഷീയമായ ഒരു ഉപരോധ നടപടികളെയും ഇന്ത്യ അംഗീകരിക്കുന്നില്ല. ഞങ്ങൾ ഉത്തരവാദിത്തമുള്ള ഒരു കക്ഷിയാണ്, നിയമപരമായ ബാധ്യതകൾ നിറവേറ്റൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധരുമാണ്. അതേസമയം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നത് പരമപ്രധാനമായ ഉത്തരവാദിത്തമായാണ് ഇന്ത്യ കണക്കാക്കുന്നത്. ഊർജ്ജ വ്യാപാരത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കരുതെന്നും” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഊന്നിപ്പറഞ്ഞു.
യുക്രെയ‍്ൻ സംഘർഷത്തിൽ റഷ്യയ്‌ക്കെതിരായ പുതിയ നടപടികളുടെ ഭാഗമായാണ്, റഷ്യൻ ഊർജ്ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യൻ എണ്ണ ശുദ്ധീകരണ ശാലയ്‌ക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയത്. റഷ്യയ്‌ക്കെതിരായ ഏറ്റവും ശക്തമായ ഉപരോധ പാക്കേജുകളിൽ ഒന്നാണിതെന്നാണ് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞത്.
റഷ്യയുടെ എണ്ണ വരുമാനം നിയന്ത്രിക്കുക എന്നതാണ് യുറോപ്യൻ യൂണിയന്റെ ലക്ഷ്യം ഉപരോധ നടപടികളുടെ ഭാഗമായി എണ്ണവില പരിധി കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ബാരലിന് 60 യുഎസ് ഡോളറായി നിശ്ചയിച്ചിരിക്കുന്ന എണ്ണവില പരിധി കുറച്ചതോടെ, ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വിൽക്കാൻ റഷ്യ നിർബന്ധിതരാകും. ഈ നീക്കം ഇന്ത്യയ്‌ക്ക് നേട്ടമുണ്ടാകും. നിലവിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തോളം റഷ്യൻ ക്രൂഡ് ഓയിലാണ്.
മുമ്പ് എസ്സാർ ഓയിൽ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനർജി ലിമിറ്റഡിന്റെ 49.13% ഓഹരി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലാണ്. ഗുജറാത്തിലെ വാഡിനാറിലുള്ള പ്ലാന്റിൻ നിന്നും പ്രതിവർഷം 20 ദശലക്ഷം ടൺ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. രാജ്യത്താകമാനം 6,750ലധികം പെട്രോൾ പമ്പുകൾ നയാരയുടെ ഉടമസ്ഥതയിലുണ്ട്.
എസ്‌പിവി എന്ന നിക്ഷേപ കൺസോർഷ്യമായ കെസാനി എന്റർപ്രൈസസ് കമ്പനിക്ക് നയാരയിൽ 49.13 ശതമാനം ഓഹരികളുണ്ട്. റഷ്യയിലെ യുണൈറ്റഡ് ക്യാപിറ്റൽ പാർട്ണേഴ്‌സ് (യുസിപി), മരേറ്റെറ ഗ്രൂപ്പ് ഹോൾഡിംഗിന്റെ (മുമ്പ് ജനറ ഗ്രൂപ്പ് ഹോൾഡിംഗ് എസ്‌പിഎ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹാര കാപിയൽ സാൾ എന്നിവരുടെ ഉടമസ്ഥതയിലാണ് കെസാനി.യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മൂലം നയാരയ്‌ക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയില്ല.















