ന്യൂഡൽഹി: രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണെങ്കിൽ മാത്രമേ ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര കരാറുകളിൽ ഏർപ്പെടൂ എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. പ്രമുഖ വ്യവസായ സംഘടനയായ അസോചം സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ, ഇന്ത്യയ്‌ക്ക് നല്ലൊരു വ്യാപാര കരാർ ലഭിച്ചാൽ അതുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് പറഞ്ഞ ഗോയൽ, രാജ്യത്തിന്റെ വലിയ താൽപ്പര്യങ്ങൾക്കനുസരിച്ചാണെങ്കിൽ മാത്രമേ വ്യാപാര കരാറുകൾ യാഥാർത്ഥ്യമാകൂ എന്നും കൂട്ടിച്ചേർത്തു. “അങ്ങനെ സംഭവിച്ചില്ലെങ്കിൽ, ഞങ്ങൾ അത് ചെയ്യില്ല. ഇന്ത്യ എപ്പോഴും രാജ്യത്തിന്റെ താൽപ്പര്യത്തിന് മുൻഗണന നൽകുന്നു,” മന്ത്രി പറഞ്ഞു.
നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള (BTA) അഞ്ചാം റൗണ്ട് ചർച്ചകൾ ഇന്ത്യയും യുഎസ് ടീമുകളും ഈ ആഴ്ച വാഷിംഗ്ടണിൽ അവസാനിപ്പിച്ചു. ചർച്ചകൾ നാല് ദിവസത്തേക്ക് വാഷിംഗ്ടൺ ഡിസിയിൽ നടന്നു. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുമായ രാജേഷ് അഗർവാളാണ് ചർച്ചകൾക്കുള്ള ടീമിനെ നയിക്കുന്നത്.















