തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ സമരത്തെതുടർന്ന് ചികിത്സ വൈകി രോഗി മരിച്ചു. വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
രോഗിയെ കൊണ്ടുപോയ ആംബുലൻസ് കാലപ്പഴക്കം ചെന്നതാണെന്നും ഇൻഷുറൻസ് കാലാവധി കഴിഞ്ഞതാണെന്നും ആരോപിച്ചാണ് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പ്രതിഷേധം നടത്തിയത്. ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
20 മിനിറ്റോളം ആംബുലൻസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. രോഗി യുടെ അവസ്ഥ അറിഞ്ഞിട്ടും പ്രതിഷേധക്കാർ ആശുപത്രി അധികൃതരോട് തട്ടിക്കയറി. പ്രതിഷേധം കഴിഞ്ഞ ശേഷം ബിനുവിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















