ഭുവനേശ്വർ: 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പാനീയത്തിൽ ലഹരി കലർത്തി നൽകി ബാലത്സംഗം ചെയ്ത കേസിൽ പ്രതിയായ വിദ്യാർത്ഥി നേതാവ് അറസ്റ്റിൽ. കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം ഒഡീഷ യൂണിറ്റ് പ്രസിഡന്റ് ഉദിത് പ്രധാനെയാണ് ഭുവനേശ്വറിലെ മഞ്ചേശ്വര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി വൈകിയാണ് പ്രധാനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഈ വർഷം മാർച്ച് 18 നാണ് സംഭവം നടന്നതെന്ന് അതിജീവിത നൽകിയ പരാതിയിൽ പറയുന്നു. ഭുവനേശ്വറിലെ മാസ്റ്റർ കാന്റീൻ പ്രദേശത്തുവച്ചാണ് പ്രധാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം യുവതിയെ കാണുന്നത്. തുടർന്ന് സംഘം പ്രധാന്റെ വാഹനത്തിൽ നയപ്പള്ളിയിലെ ഒരു ഹോട്ടലിലേക്ക് പോയി. ഹോട്ടലിൽവച്ച് സംഘത്തിലെ മറ്റുള്ളവർ മദ്യപിച്ചതായും പരാതിക്കാരി മദ്യം കഴിക്കാൻ വിസമ്മതിച്ചപ്പോൾ പ്രധാൻ ഇവർക്ക് സോഫ്റ്റ് ഡ്രിങ്ക് എന്ന വ്യാജേന ലഹരി കലർത്തിയ പാനീയം നൽകിയെന്നും പരാതിയിലുണ്ട്. കഴിച്ചയുടെനെ തലകറക്കമുണ്ടായെന്നും പിന്നീട് ബോധം വന്നപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായതെന്നും യുവതി പറയുന്നു.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് പീഡനത്തിനിരയായ യുവതി പോലീസിൽ പരാതി നൽകിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ, പോലീസ് അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.















