ബെംഗളൂരു: കഥാപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടി. ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. യുവാവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു.
കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ജൂലൈ 18 ന് രാവിലെയാണ് സംഭവം. സൂപ്പർഹിറോ കോമിക് ബുക്കിന് അസാധാരണ ഭാരം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിശദപരിശോധന നടത്തിയത്.
പരിശോധനയിൽ രണ്ട് കോമിക് പുസ്തകങ്ങളുടെ കവറുകൾക്കുള്ളിൽ നിന്നായി നാല് കിലോ കൊക്കെയ്ൻ കണ്ടെടുത്തു. 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 4,006 ഗ്രാം ഭാരമുള്ള കൊക്കെയ്ന് അന്താരാഷ്‌ട്ര വിപണിയിൽ ഏകദേശം 40 കോടി രൂപ വിലവരും.















