എറണാകുളം : ലോഡ്ജിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. നേര്യമംഗലം സ്വദേശി ബിനുവാണ് അറസ്റ്റിലായത്. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി ബിനു പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
34 കാരിയായ അഖിലയെയാണ് എറണാകുളത്തെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന അഖിലയുടെ നിരന്തരമുള്ള സമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് ബിനുവും അഖിലയും തമ്മിൽ വഴക്കിട്ടിരുന്നു. ഇതേ തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അഖിലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീഡിയോ കോൾ വഴി ബിനു ചില സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുത്തിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്.
ഇരുവരും ഇടയിക്കിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കാറുണ്ടായിരുന്നു. എന്നാൽ അക്രമം നടക്കുന്ന ദിവസം ഇത് ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടർന്നാണ് ആക്രമണമുണ്ടായത്. യുവതിയുടെ ഷാൾ ഉപയോഗിച്ചാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവസമയം മദ്യപിച്ച നിലയിലായിരുന്നു പ്രതി.















