ന്യൂഡൽഹി: ദ്വീപരാഷ്‌ട്രമായ മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 26 ന് നടക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയാകും. സന്ദർശന വേളയിൽ, മാലദ്വീപ് റിപ്പബ്ലിക്കിന്റെ എട്ടാമത് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫ്ലോട്ട് പരേഡുകൾ, സാംസ്കാരിക പ്രകടനങ്ങൾ മുതൽ സൈനിക പ്രദർശനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ആഘോഷങ്ങൾ നടക്കും
“2025 ജൂലൈ 26 ന് നടക്കുന്ന മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി ‘വിശിഷ്ടാതിഥി’യായിരിക്കും. സന്ദർശന വേളയിൽ, പ്രധാനമന്ത്രി പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ കാണുകയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യും,” ജൂലൈ 20 ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേഷ്യൻ രാജ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രതിരോധ ബന്ധങ്ങളും കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
‘സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തം’ എന്നതിനായുള്ള ഇന്ത്യ-മാലിദ്വീപ് സംയുക്ത ദർശനം നടപ്പിലാക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മുയിസുവും അവലോകനം ചെയ്യും. 2024 ഒക്ടോബറിൽ മാലിദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഈ ഉടമ്പടി അംഗീകരിച്ചിരുന്നു.















