ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിൽ (UNSC) പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഇന്ത്യയെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും സമ്പദ് വ്യവസ്ഥയെ ദുർവിനിയോഗവും ചെയ്യുന്ന പാകിസ്താനെ ശക്തമായ ഭാഷയിൽ വിമർശിച്ചു.
സമാധാനത്തെയും ബഹുരാഷ്‌ട്രവാദത്തെയും കുറിച്ചുള്ള ഉന്നതതല ചർച്ചയിൽ സംസാരിക്കവെ, പാകിസ്ഥാനെ “IMF-ൽ നിന്ന് സ്ഥിരമായി കടം വാങ്ങുന്നവർ” എന്നും “മതഭ്രാന്തിലും ഭീകരതയിലും മുങ്ങിക്കുളിച്ച ഒരു രാഷ്‌ട്രം” എന്നും ഹരീഷ് മുദ്രകുത്തി.
“ഒരു വശത്ത്, പക്വതയുള്ള ജനാധിപത്യ രാഷ്‌ട്രവും, കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും, ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹവുമുള്ള ഇന്ത്യയുണ്ട്. മറുവശത്ത് മതഭ്രാന്തും ഭീകരതയും കൊണ്ട് നിറഞ്ഞ പാകിസ്ഥാനും, ഐഎംഎഫിൽ നിന്ന് സ്ഥിരമായി കടം വാങ്ങുന്ന രാജ്യവുമാണ്.”
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ പരാമർശിച്ചുകൊണ്ട്, ഭീകരവാദ കേസുകളിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹരീഷ് ശക്തമായ സന്ദേശം നൽകി. അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്നതിലൂടെ നല്ല അയൽപക്കത്തിന്റെയും അന്താരാഷ്‌ട്ര ബന്ധങ്ങളുടെയും മനോഭാവം ലംഘിക്കുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ വില നൽകേണ്ടിവരുമെന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.















