എറണാകുളം: ബണ്ട് പൊട്ടി വെള്ളം കയറി സ്കൂളും വീടുകളും മുങ്ങിയ സംഭവത്തിൽ അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടനാട് കുട്ടമംഗലത്തുള്ള എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലാണ് ബണ്ട് പൊട്ടി വെള്ളം കയറിയത്. തുടർന്ന് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ അടിയന്തര നടപടി.
സംഭവവുമായി ബന്ധപ്പെട്ട് അധികാരികൾ യോഗം വിളിച്ചുചേർത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജില്ലാ കളക്ടറോട് ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
മെയ് 29-നാണ് കൈനരി കൃഷിഭവന്റെ പരിധിയിൽ വരുന്ന പരുത്തിവളവ് പാടശേഖരത്തിന്റെ ബണ്ട് പൊട്ടി വെള്ളം കയറിയത്. വർഷങ്ങളോളം പഴക്കമുള്ള സ്കൂളിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. അന്ന് മുതൽ സ്കൂളും വീടുകളും വെള്ളത്തിനടിയിലാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
സ്കൂൾ കെട്ടിടത്തിന്റെ ഭൂരിഭാഗം മുറികളിലും വെള്ളം കയറിയതിനെ തുടർന്ന് ലൈബ്രറിയിലും ലാബുകളിലുമായാണ് കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷ എഴുതുമെന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് സ്കൂൾ അധികൃതർ.















