ന്യൂഡൽഹി: യുപിയിൽ മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റിന് പിന്നാലെ വാർത്തകളിൽ ഇടം നേടിയ സ്ഥലമാണ് ബൽറാംപൂർ. ഇവിടെ നിന്നും പാകിസ്ഥാനിലേക്ക് വലിയ തോതിൽ പണം അയച്ചുനൽകിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്ന ബൽറാംപൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി.
സൈബർ തട്ടിപ്പ് നടത്തിയാണ് സംഘം പണം ശേഖരിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന പണം പാകിസ്ഥാനിലേക്ക് അയച്ചുവരികയായിരുന്നു സംഘം. നേപ്പാളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് ബൽറാംപൂർ. ഇത്തരത്തിൽ നിരവധി കേസുകളാണ് ബൽറാംപൂരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി ഉപയോഗിച്ച നൂറിലധികം ബാങ്ക് അക്കൗണ്ടുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴി 50 കോടി രൂപയാണ് കൈമാറിയിട്ടുള്ളത്. റായ്ബറേലിയിൽ നടന്ന 700 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് കേസുമായി ഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.
ഈ മാസം ആദ്യം അറസ്റ്റിലായ പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സംഘം പണം നൽകിയിരുന്നതായി പ്രതികൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സംഘത്തിന്റെ മുഖ്യസൂത്രധാരൻ ഏഴ് പാകിസ്ഥാൻ മൊബൈൽ നമ്പറുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.















