എറണാകുളം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കില്ല. ജഗദീഷ്, ശ്വോത മേനോൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം നിലനിർത്തുമെന്ന് വിചാരിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ജോയ് മാത്യുവും ബാബുരാജും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചേക്കും.
ആഗസ്റ്റ് 15-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് ശ്വേത മോനോനും ജഗദീഷും പത്രിക സമർപ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രവീന്ദ്രൻ മത്സരിച്ചേക്കും. ഇന്ന് വൈകിട്ടോടെ പത്രിക സമർപ്പിക്കുന്നത് അവസാനിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ശക്തമായ പോരാട്ടം ഇത്തവണ ഉണ്ടാകുമെന്നാണ് വിവരം.
മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജിവച്ചിരുന്നു. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാജി. നടന്മാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഒന്നടങ്കം രാജിവച്ചത്.















