ന്യൂഡൽഹി: റഷ്യയിൽ 43 പേരുമായി പോയ വിമാനം തകർന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. റഷ്യയ്‌ക്കും അവിടുത്തെ ജനങ്ങൾക്കും ഇന്ത്യ പിന്തുണ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടിൻഡയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഒരു കുന്നിന് മുകളിലാണ് വിമാനം തകർന്നത്. ആദ്യഘട്ടത്തിൽ വിമാനം കാണാതായി എന്നായിരുന്നു വാർത്തകൾ. പിന്നീട് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം.
വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ കാരണം ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമൻ പുടിൻ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് 43 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണത്. ചൈനീസ് അതിർത്തിക്കടുവച്ച് വിമാനം കാണാതാവുകയായിരുന്നു. റഷ്യയുടെ അംഗാര എയർലൈൻ സർവീസ് നടത്തുന്ന AN-24 വിമാനം ലാൻഡിംഗിന് നിമിഷങ്ങൾക്ക് മുമ്പാണ് അപകടത്തിൽപ്പെട്ടത്. യാത്രാമദ്ധ്യേ എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് മിനിറ്റുകൾക്ക് ശേഷമായിരുന്നു തകർന്നത്. അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.















