ബലാത്സംഗ-കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി (ചാർളി തോമസ്) ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗോവിന്ദച്ചാമി ജയിൽ ചാടിയ സമയവും ഉദ്യോഗസ്ഥരുടെ സുരക്ഷാവീഴ്ചയും അക്കമിട്ട് പറഞ്ഞാണ് കെ സുരേന്ദ്രൻ വിമർശിച്ചത്. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ ദുരൂഹതയുണ്ടെന്നും രക്ഷപ്പെടാൻ അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നുമുള്ള സംശയങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവിന്ദച്ചാമി ജയിൽച്ചാടിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. ഗോവിന്ദച്ചാമി ജയിൽ ചാടുന്ന സമയത്ത് വൈദ്യുതി ലൈൻ ഓഫ് ചെയ്തിരുന്നു. ഇതും അദ്ദേഹം പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.
“കൊടും ക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയത് രാത്രി ഒന്നേ കാലിന്. ജയിൽ അധികൃതർ അതറിയുന്നത് പുലർച്ചെ അഞ്ചേ കാലിന്. പൊലീസിൽ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലിൽ വൈദ്യുതി ഫെൻസിംഗ്. ജയിൽ ചാടുമ്പോൾ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സർവ്വത്ര ദുരൂഹത. ജയിൽ ചാടിയതോ ചാടിച്ചതോ? ജയിൽ ഉപദേശക സമിതിയിൽ പി. ജയരാജനും തൃക്കരിപ്പൂർ എം. എൽ. എയും”- കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.















