ന്യൂഡൽഹി: നാസ- ഐഎസ്ആർഒ സംയുക്ത ദൗത്യമായ നിസാർ വിക്ഷേപണം ജൂലൈ 30-ന് നടക്കും. ഇസ്രോ ചെയർമാൻ വി നാരായണനാണ് തീയതി പ്രഖ്യാപിച്ചത്. ജിഎസ്എൽവി F-16 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. നാസയുമായി സഹകരിച്ച് ഭാരതം വിക്ഷേപിക്കുന്ന സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹമായിരിക്കും ഇത്. ഭൂമിയിൽ നിന്ന് 743 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുക.
നാസ- ISRO സിന്തറ്റിക് അപ്പേർച്ചർ റഡാർ ദൗത്യത്തിന്റെ ചുരുക്ക പേരാണ് നിസാർ. ഡിഷ് ആൻ്റിന പോലെ വിടർത്താവുന്ന റിഫ്ലക്റ്റർ ആൻ്റിന ഉൾപ്പെട്ട ഘടനയാണ് ഉപഗ്രഹത്തിൻ്റേത്. 12 ദിവസത്തെ ഇടവേളയിൽ ഉപഗ്രഹം ഭൂമിയെ പൂർണമായും നിരീക്ഷിച്ച് വിവരങ്ങൾ ലഭ്യമാക്കുമെന്ന് ISRO ചെയർമാൻ ഡോ വി നാരായണൻ അറിയിച്ചു.
വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് ഉപകാരപ്രദമായിരിക്കും നിസാർ ദൗത്യം. അമേരിക്കയുടെ നാസ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഉപഗ്രഹ വിക്ഷേപണമാണിത്.
2,392 കിലോഗ്രാം ഭാരമാണ് നിസാർ ഉപഗ്രഹത്തിനുള്ളത്. ഇത് മുഴുവൻ ഭൂഗോളവും സ്കാൻ ചെയ്യുകയും 12 ദിവസം കൂടുമ്പോൾ കാലാവസ്ഥയെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്നു. നിസാറിന് ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ, ഭൂവികസനം, മഞ്ഞുപാളികളുടെ ചലനം എന്നിവ കണ്ടെത്താനാകും.















