ന്യൂഡൽഹി: ദ്വിരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. മാലദ്വീപിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യതിഥിയായി പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങുന്നത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തത്.
രണ്ട് ദിവസത്തെ യുകെ സന്ദർശനത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രി മാലദ്വീപിൽ എത്തിയത്. മുഹമ്മദ് മുയിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ചർച്ച നടന്നു. കൂടാതെ സുപ്രധാനമായ ധാരണാപത്രങ്ങളിലും ഇരുനേതാക്കളും ഒപ്പുവച്ചു.
മാലദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാജ്യം തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മുഹമ്മദ് മുയിസുമായി നടത്തിയ ചർച്ച ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലദ്വീപിന് 4,850 കോടി രൂപയുടെ വായ്പ നൽകുന്ന കാര്യത്തിലും ധാരണയായി. മത്സ്യബന്ധനം, മീൻ വളർത്തൽ തുടങ്ങിയയുമായി ബന്ധപ്പെട്ട നിർണായക കരാറിലും ഇരുനേതാക്കളും ഒപ്പുവച്ചു.















