ലക്നൗ: അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകളും സന്ദേശങ്ങളും സ്ഥിരമായി പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. അമ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ മുഹമ്മദ് അമീറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വളരെ മോശം കമന്റുകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളുമാണ് മുഹമ്മദ് തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നത്. സോഷ്യൽമീഡിയ മോണിറ്റിംഗ് ടീമും പൊലീസും നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
യുവാവ് പങ്കുവക്കുന്ന വീഡിയോകളിൽ പലതിലും അശ്ലീല ഭാഷകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ വിഷയം ചൂണ്ടിക്കാട്ടിയ അമൻ താക്കൂർ എന്ന ഉപയോക്താവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. വിഷയം ഉന്നയിച്ചുകൊണ്ട് യുവാവ് പങ്കുവച്ച വീഡിയോയിൽ ഉത്തർപ്രദേശ് പൊലീസിനെയും മൊറാദാബാദ് പൊലീസിനെയും ടാഗ് ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് കേസന്വേഷണം കടുപ്പിച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുന്ന വീഡിയോകളിൽ അധിക്ഷേപകരവും അശ്ലീലവുമായ ഭാഷകൾ സ്ഥിരമായി ഉപയോഗിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.















