ഹൈദരാബാദ്: റേവ് പാർട്ടിക്കിടെ നടന്ന പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആഡംബര കാറുകളും പിടികൂടി. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളെ തുടർന്നാണ് പരിശോധന നടന്നത്. ഇത്തരം പാർട്ടികളിൽ പതിവായി മയക്കുമരുന്ന് ഉപയോഗം കണ്ടുവരാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു പരിശോധന.
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശികളാണ് റേവ് പാർട്ടി സംഘടിപ്പിച്ചത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അപ്പാർട്ട്മെന്റിൽ മുറിയെടുത്താണ് പാർട്ടി നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വലിയൊരു മയക്കുമരുന്ന് ശൃംഖലയിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായതെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
വാടകയ്‌ക്കെടുത്ത തിരിച്ചറിയൽ രേഖകൾ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ നീക്കം.















