ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഫൗജി ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ശ്രീനഗറിലെ വനമേഖലകളിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. വനപ്രദേശത്ത് കിടന്നുറങ്ങുകയായിരുന്നു ഭീകരർ.
ഭീകരരുടെ കൃത്യമായ സ്ഥാനം കണക്കാക്കിയാണ് സൈന്യം ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. സൈന്യത്തിന്റെയും ജമ്മുകശ്മീർ പൊലീസിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ഒളിത്താവളത്തിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. രാവിലെ 11.30 ഓടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
ജൂലൈ മുതൽ ജെയ്ഷെ, ലഷ്കർ ഭീകരരെ ലക്ഷ്യമിട്ട് സൈന്യം തെരച്ചിൽ നടത്തിയിരുന്നു. ശ്രീനഗറിലെ ഡാച്ചിഗാം പ്രദേശത്ത് മൗണ്ട് മഹാദേവിന് സമീപത്താണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഭീകരർ സ്ഥലത്തുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.
പാക് സൈന്യത്തിലെ മുൻ പാരാ കമാൻഡോ ആയിരുന്നു ഹാഷിം മൂസ. ഇയാളായിരുന്നു പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അബു ഹംസ എന്ന ഹാരിസ്, യാസിർ, സുലൈമാൻ എന്ന ഹാഷിം മൂസ സുലൈമാൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.















