ലക്നൗ: വാരണാസിയിൽ കാൻവാർ തീർത്ഥാടകന് ക്രൂര മർദ്ദനം. റാണി ബസാറിന് സമീപത്ത് പ്രവർത്തിക്കുന്ന മുസ്ലീം കടയുടമയാണ് തീർത്ഥാടകനെ മർദ്ദിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി തീർത്ഥാടകർ റോഡ് ഉപരോധിച്ചു. പുണ്യജലവുമായ യാത്ര ചെയ്യുകയായിരുന്നു തീർത്ഥാടകൻ. ഇതിനിടെ യുവാവ് സാധനം വാങ്ങാനായി പ്രതിയുടെ കടയിൽ കയറുകയായിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പിന്നീട് യുവാവിനെ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ആറ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. സ്ഥലത്ത് നിന്നവർ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അക്രമം ചോദ്യം ചെയ്യാൻ ശ്രമിച്ചവരെയും പ്രതി തല്ലിച്ചതച്ചു. പിന്നാലെ ഭക്തർ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ മാർച്ചുമായി തീർത്ഥാടകർ കടയ്‌ക്ക് മുന്നിലേക്ക് പാഞ്ഞു. അരമണിക്കൂറോളം റോഡ് ഉപരോധിച്ചു.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും സംഘർഷം തടയുന്നതിനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബജ്‌റംഗ്ദൾ ജില്ലാ പ്രസിഡന്റ് സ്ഥലത്തെത്തിയിരുന്നു. കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഡിസിപി, എഡിസിപി ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ബജ്‌റംഗ്ദൾ നേതാവും തമ്മിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്.















