ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെൻ്റിലെ മാരത്തോൺ ചർച്ചയ്‌ക്കിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാഹുലിനെയും ജയറാം രമേശിനെയും ചൈനീസ് ഗുരുക്കൻമാർ എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. ഇസ്ലാമാബാദും ബീജിംഗും തമ്മിലുള്ള അടുത്ത ബന്ധം ഒരു പുതിയ സംഭവവികാസമാണെന്ന കോൺഗ്രസ് ആഖ്യാനത്തെ ജയശങ്കർ തകർത്തു തരിപ്പണമാക്കി.
ചൈനീസ് നയതന്ത്രജ്ഞരിൽ നിന്ന് “സ്വകാര്യ ട്യൂഷൻ” വാങ്ങി ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾക്ക് തുരങ്കം വയ്‌ക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. പാർലമെന്റിനുള്ളിലും ചൈനീസ് ഗുരുക്കന്മാരുണ്ട്. അതിലൊരാൾ എന്റെ മുന്നിൽ ഇരിക്കുന്ന അംഗമാണ് ജയറാം രമേഷിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
മറ്റൊരാൾക്ക് സ്വന്തം രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തെക്കാൾ വിശ്വാസം ചൈനീസ് അംബാസിഡറെയാണ്. രാഹുലിന്റെ പേര് പരാമർശിക്കാതെ ജയശങ്കർ പറഞ്ഞു.
ഡോക്ലാം സംഘർഷത്തിനിടെ രാഹുൽ ചൈനീസ് അംബാസിഡറിൽ നിന്നും വിവരങ്ങൾ തേടിയ സന്ദർഭം പരാമർശിച്ച് കൊണ്ട് ജയശങ്കർ പറഞ്ഞു
ബെയ്ജിംഗിൽ നടന്ന ഒളിമ്പിക്സിനിടെ കോൺഗ്രസ് നേതാക്കൾ ചൈനീസ് അംബാസിഡറുടെ സ്വകാര്യ വസതികളിൽ ആതിഥേയത്വം വഹിച്ചതായും അദ്ദേഹം ആരോപിച്ചു. ചൈനീസ് അംബാസഡർമാരിൽ നിന്ന് സ്വകാര്യ ട്യൂഷനുകൾ എടുത്തെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പാകിസ്ഥാൻ-ചൈന ബന്ധം ഒറ്റരാത്രികൊണ്ട് വികസിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചരിത്ര ക്ലാസിൽ അവർ ഉറങ്ങുകയായിരുന്നുവെന്നും അതിനാൽ മുൻപ് നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെന്നും ജയശങ്കർ പരിഹസിച്ചു. 1964 ന് ശേഷം പാകിസ്ഥാനും ചൈനയും തമ്മിലുണ്ടാക്കിയ സന്ധികളും ധാരണകളും ഓരോന്നായി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസംഗം.















