ന്യൂഡൽഹി: ദേശീയപാതയിൽ സഡൻ ബ്രേക്ക് ഇടുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് എത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡ്രൈവർമാർ സഡൻ ബ്രേക്ക് ഇടുന്നത് കുറ്റകരമാണെന്നും വൻ അപകടമാണ് ഇത് വിളിച്ചുവരുത്തുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സുദ്ധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എത്ര അടിയന്തര സാഹചര്യമായാലും ഒരു ഡ്രൈവർ ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വച്ച് പെട്ടെന്ന് വാഹനം നിർത്തുന്നത് വൻ ദുരന്തങ്ങൾക്ക് കാരണമാവും. അങ്ങനെയുണ്ടായാൽ തൊട്ട് പിന്നിലുള്ള വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ സാധ്യത കൂടുതലാണ്. വാഹനം നിർത്താൻ പോകുന്നുണ്ടെങ്കിൽ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം. അങ്ങനെ ചെയ്താൽ മാത്രമേ പുറകിലുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.
പുറകിൽ വരുന്ന വാഹനങ്ങൾക്ക് സിഗ്നൽ നൽകാൻ മുന്നിൽ പോകുന്ന വാഹനം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുറകിലായി അടുത്തടുത്ത് ഓടുന്ന വാഹനങ്ങൾക്ക് ഇത് വലിയ അപകടം സൃഷ്ടിക്കുന്നു. റോഡപകടത്തെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ഹർജിയിലാണ് വിധി. അപ്രതീക്ഷിതമായി നിർത്തിയ കാറിന്റെ പിന്നിൽ വിദ്യാർത്ഥിനിയുടെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
എന്നാൽ, ഭാര്യയ്‌ക്ക് ഛർദ്ദിക്കാൻ തോന്നിയതിനാലാണ് പെട്ടെന്ന് വാഹനം നിർത്തിയത് എന്നായിരുന്നു പ്രതി പ്രതികരിച്ചത്. ദേശീയപാതയുടെ മദ്ധ്യത്തിൽ പെട്ടെന്ന് വാഹനം നിർത്തിയാൽ അത് അപകടങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ ഈ അപകടത്തിൽ എന്ത് വിശദീകരണം തന്നാലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് വാദിച്ച കോടതി യുവാവിന് 1.14 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കി.















