കണ്ണൂർ: ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച സിഐടിയു നേതാവായ ജീവനക്കാരന് സസ്പെൻഷൻ. കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എൽഡി ക്ലർക്കായ എം. നാരായണനെയാണ് ടിടികെ ദേവസ്വം സസ്പെൻഡ് ചെയ്തത്. ചെറിയൂർ മുല്ലപ്പള്ളി സ്വദേശിയാണ് ഇയാൾ.
നാരായണൻ പണം കവരുന്നത് സി സിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നാലെയാണ് നടപടി. സിഐടിയു ദേവസ്വം എംപ്ലോയിസ് യൂണിയന്റെ തളിപ്പറമ്പ് ഏരിയ പ്രസിഡന്റാണ്.
കഴിഞ്ഞ 25 ന് ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയാണ് മോഷണം നടന്നത്. പണം ഒളിപ്പിച്ച് വയ്‌ക്കുന്നത് കണ്ടതായി ഭക്തർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
നാരായണനെതിരെ കൂടുതൽ നടപടി വേണമെന്നാവശ്യം ശക്തമാണ്. നേരത്തെ വ്യാജ സർവ്വീസ് ബുക്കുണ്ടാക്കിയ സംഭവത്തിൽ നാരായണനെതിരെ നടപടിക്ക് ദേവസ്വം കമ്മീഷണർ ശിപാർശ ചെയ്തിരുന്നു.















