കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതിരപ്പള്ളി സ്വദേശി അൻസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. പെൺസുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് സംശയം.
വിഷം നൽകിയ കാര്യം പെൺസുഹൃത്ത് യുവാവിന്റെ ഉമ്മയെ വിളിച്ചു പറഞ്ഞെന്നാണ് വിവരം. ” മോനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോ” എന്നാണ് യുവതി പറഞ്ഞത്. കൊലപ്പെടുത്തുകയെന്ന കൃത്യമായ ഉദ്ദേശത്തോടെയാണ് യുവതി അൻസിലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
കഴിഞ്ഞ 30 ന് പുലർച്ചെയാണ് അവശനിലയിലായ അൻസിലിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ വച്ച് പെൺസുഹൃത്ത് വിഷം കലക്കി തന്നുവെന്ന് യുവാവ് ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നു.
യുവാവ് മരിച്ചതിന് പിന്നാലെ പെൺസുഹൃത്തായ ചേലാട് സ്വദേശിനിയെ പൊലീസ് കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺസുഹൃത്ത് വിഷം വാങ്ങിയ കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം
ഒറ്റയ്‌ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിൽ അൻസിൽ ഇടയ്‌ക്കിടെ വരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി അൻസിലിന് സംശയമുണ്ടായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി മുമ്പേ വഴക്കുണ്ടായിരുന്നുവെന്നും ബന്ധു പറഞ്ഞു.















